ന്യൂഡൽഹി: വധഭീഷണിയെ തുടർന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് സുരക്ഷ കർശനമാക്കി. കൊടുംഭീകരർ ചേർന്ന് മന്ത്രിയെ ഉടൻ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശം ലഭിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി.
നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചിരാഗ് പാസ്വാന് സെഡ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. മന്ത്രിക്കെതിരായ ഭീഷണി സന്ദേശം ലഭിച്ചതായും സന്ദേശത്തിൽ രണ്ട് മൊബൈൽ നമ്പറുകൾ പരാമർശിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തിൽ പറയുന്നു.
കൊടുംഭീകരവാദികളാൽ നിങ്ങൾ ഉടൻ തന്നെ കൊല്ലപ്പെടും എന്നായിരുന്നു സന്ദേശം. ഭീഷണിയുടെ പശ്ചാത്തലത്തിൽ മന്ത്രിയുടെ സുരക്ഷശക്തമാക്കിയെന്നും അന്വേഷണം ആരംഭിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.